നെടുങ്കണ്ടം: മുണ്ടിയെരുമയിൽ കാർ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് രണ്ടുപേർക്ക് ഗുരുതര പരിക്ക്. കമ്പംമെട്ട് കണ്ടത്തിൻകരയിൽ കെ.ജെ. ജോസഫ് (ഡോളി ജോസ്-65), താന്നിമൂട് ബ്ലോക്ക് നമ്പർ 138ൽ ആർ. രാജു (റിട്ട. പോലീസ് ഉദ്യോഗസ്ഥൻ-70) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ വൈകുന്നേരം 4.30നാണ് അപകടം നടന്നത്. നെടുങ്കണ്ടത്തുനിന്നു വരികയായിരുന്ന ഇവരുടെ കാർ മുണ്ടിയെരുമയ്ക്കു സമീപത്തെ വളവിൽ നിയന്ത്രണം നഷ്ടപ്പെടുകയും ബാരിക്കേഡ് തകർത്ത് സമീപത്തെ വീടിന് മുകളിലേക്കു പതിക്കുകയുമായിരുന്നു.
ഓടിക്കൂടിയ നാട്ടുകാർ ഇവരെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജോസഫിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കാർ പൂർണമായും വീട് ഭാഗീകമായും തകർന്നു. അപകടംനടന്ന സമയത്ത് വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.